ആപ്പിളിന്റെ ഉപകരണങ്ങളിൽ വലിയൊരു സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സേർട്ട്-ഇൻ). ദൂരെ ഒരിടത്ത് ഇരുന്ന് ഹാക്കർക്ക് ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാനും മാൽവെയറുകൾ പ്രവർത്തിപ്പിക്കാനുമാകുന്ന സുരക്ഷാവീഴ്ചയാണ് ഇപ്പോൾ കണ്ടെത്തിയത്. 17.4.1 വേർഷന് മുമ്പുള്ള ഐഒഎസ്, ഐപാഡ് ഒഎസുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളേയും ഐപാഡുകളേയുമാണ് ഈ സുരക്ഷാവീഴ്ചകൾ ബാധിക്കുന്നത്.
ആപ്പിൾ ഉപകരണങ്ങളിലെ സുരക്ഷാ വീഴ്ച ദുരുപയോഗം ചെയ്ത് മുതലെടുക്കാൻ ഹാക്കർമാർക്കാകും. ഉപകരണങ്ങളിലെ സോഫ്റ്റ്വെയർ കൃതൃസമയത്ത് അപ്ഡേറ്റ് ചെയ്യുകയെന്നതാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന വഴി. ആപ്ലിക്കേഷനുകളും അപ്ഡേറ്റ് ചെയ്യണം. പൊതു വൈഫൈ നെറ്റ് വർക്കുകളിൽ കണക്ട് ചെയ്യുമ്പോഴും എല്ലാ ലിങ്കുകളും വിസിറ്റ് ചെയ്യുമ്പോഴും ശ്രദ്ധ വേണം. അക്കൗണ്ടുകളുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്കായി ടു ഫാക്ടർ ഒതന്റിക്കേഷനും ഉപയോഗിക്കാവുന്നതാണ്.